പരുന്തുമ്പാറയിലെ അത്ഭുതക്കാഴ്ചകൾ

ന്യൂ ജനറേഷൻ സിനിമകൾ ഹിറ്റാക്കിയ മീശപ്പുലമലയേക്കാൾ മുമ്പ് സഞ്ചാരികളുടെ മനസിൽ ചേക്കേറിയ സുന്ദരിയാണ് പരുന്തുംപാറ. ഇടുക്കി ജില്ലയിൽ കോട്ടയം – കുമളി റൂട്ടിൽ പീരുമേട്ടിൽ നിന്നും മൂന്ന് കിലോ മീറ്ററുകൾ ദൂരത്ത് കോടമഞ്ഞിൻ പുതപ്പിട്ട് തേയിലത്തോട്ടങ്ങളുടെ നടുവിൽ ഈ കൊച്ചുസുന്ദരി ഒളിച്ചിരിക്കുന്നു.

വാഗമൺ, തേക്കടി യാത്രയ്‌ക്കിടയിലാണ് മിക്ക സഞ്ചാരികളും പരുന്തുംപാറയുടെ സൗന്ദര്യം തേടിയെത്തുന്നത്. എന്നാൽ പരുന്തുംപാറയിൽ ചെന്ന് രാപ്പാർക്കാനും വെളുപ്പിന് കോടമഞ്ഞിറങ്ങുന്നതിന് മുമ്പ് കാഴ്‌ച കാണാനും അവസരം ലഭിച്ചവർ ഭാഗ്യവാന്മാരാണെന്ന് സഞ്ചാരികൾക്കിടയിൽ പൊതുവെ അഭിപ്രായമുണ്ട്.

കേരളം മുഴുവൻ മഴയിൽ മുങ്ങി നിന്ന ദിവസം പെരുന്നാൾ അവധിയുടെ ആലസ്യത്തിലാണ് രാത്രി പത്ത് മണിയോടെ തിരുവനന്തപുരത്ത് നിന്നും പരുന്തുംപാറയിലേക്ക് യാത്ര തുടങ്ങിയത്. മാരുതി എ സ്‌റ്റാറിൽ ഞങ്ങൾ അഞ്ച് പേർ – അൻഷാദ്, ബുഹാരി, സജാദ്, ഷെഫീഖ് പിന്നെ ഞാനും. ഒരു സുഹൃത്ത് വഴി തരപ്പെടുത്തിയ റിസോർട്ടിൽ പുലർച്ചെ എത്തണം- അതാണ് ലക്ഷ്യം. ആദ്യം എം.സി റോഡ് വഴി പത്തനംതിട്ട അവിടെ നിന്നും എരുമേലി – ഏലപ്പാറ വഴി പരുന്തുംപാറയിലേക്ക്. പ്രധാനറോഡിൽ നിന്നും പരുന്തുംപാറയിലേക്കുള്ള ചെറിയ റോഡിലേക്ക് കയറുമ്പോൾ രാത്രി രണ്ട് മണി കഴിഞ്ഞു. കടുത്ത ഇരുട്ടിന്റെ കാഠിന്യം കൂട്ടി വഴിയിലെങ്ങും കോടമഞ്ഞ് നിറഞ്ഞിരുന്നു. വാഹനത്തിൽ ഫോഗ് ലാംപ് ഇല്ലാത്തതിന്റെ പോരായ്‌മ നല്ലത് പോലെ മനസിലായി. എ സ്‌റ്റാറിന്റെ അരണ്ട വെളിച്ചത്തിൽ മുന്നോട്ട് പോകുന്നതിനിടെ ഗൂഗിൾ മുത്തപ്പൻ അറിയിപ്പ് തന്നു ‘നിങ്ങളുടെ ഇടത് ഭാഗത്ത് കാണുന്നതാണ് ലക്ഷ്യസ്ഥാനം’. വഴി തെറ്റിക്കാൻ മാത്രമല്ല ഈ സാധനത്തിന് ശരിയായ വഴി കാട്ടാനും അറിയാമെന്ന് മനസിലാക്കിയത് റിസോർട്ടിലെ മാനേജരുടെ മുഖഭാവം കണ്ടപ്പോഴാണ്. ആരോടും വഴി ചോദിക്കാതെ തന്നെപ്പോലും വിളിക്കാതെ ഈ വാനരന്മാർ എങ്ങനെ ഈ കോടമഞ്ഞും താണ്ടി ഇവിടെയെത്തിയെന്നാണ് മൂപ്പരുടെ ചോദ്യം.

റിസോർട്ടിന്റെ അടുക്കളയോട് ചേർന്ന് ഒരു കിടിലൻ മുറിയാണ് ഞങ്ങൾ ബുക്ക് ചെയ്‌തിരുന്നത്(ഇതിലൊരു ട്വിസ്‌റ്റുണ്ട്). പുറത്തെ കോടമഞ്ഞിന്റെ തണുപ്പ് കമ്പിളി പുതപ്പിനിടയിലൂടെ ഇരച്ചുകയറുന്നത് കൊണ്ട് കിടന്നപ്പോൾ തന്നെ എല്ലാവരും ഗാഢനിദ്ര‌യിലാണ്ടു. രാവിലെ ആറ് മണിക്ക് എഴുന്നേറ്റാൽ കോടമഞ്ഞ് ഇറങ്ങുന്നതിന് മുമ്പ് പരുന്തുംപാറയുടെ സൗന്ദര്യം ആസ്വദിക്കാമെന്ന് മാനേജർ പറഞ്ഞത് അനുസരിച്ച് അലാറം വച്ചിട്ടാണ് കിടന്നത്. ഉറക്കത്തിൽ പതിവ് വിചിത്ര സ്വപ്‌നങ്ങളുടെ അകമ്പടിയോടെ യാത്ര പോകുന്നതിനിടെ അരോചകമായ ഒരു ശബ്‌ദം കാതിലേക്ക് ഇരച്ചുകയറി. സംഭവം വേറൊന്നുമല്ല രാവിലെ എഴുന്നേൽക്കാൻ വേണ്ടി വച്ചിരുന്ന അലാറം അടിക്കുന്നതാണ്. നല്ലൊരുറക്കം കളഞ്ഞതിന്റെ ദേഷ്യത്തിൽ മുഖം കഴുകി പുറത്തേക്കിറങ്ങുമ്പോൾ ശരീരം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ കോടമഞ്ഞില്ല. എന്തായാലും ഇറങ്ങിപ്പുറപ്പെട്ടതല്ലേ പരുന്തുംപാറ കാണാമെന്ന് ഉറപ്പിച്ച് എല്ലാവരും കാറിൽ കയറി.

പരുന്തും പാറ
മമ്മൂട്ടിയുടെ നസ്രാണി സിനിമയിലൂടെ പ്രശസ്‌തമായ സ്ഥലമാണ് പരുന്തുംപാറ. വിശാലമായിക്കിടക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ പറന്നുയരാൻ വെമ്പിനിൽക്കുന്ന പരുന്തിനെപ്പോലെ തോന്നിക്കുന്ന ഒരു പാറയാണ് ഈ സ്ഥലത്തിന് പരുന്തുംപാറയെന്ന പേര് നൽകിയത്. ഏത് കാലാവസ്ഥയിലും കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഇവിടേക്ക് എപ്പോഴും സഞ്ചാരികളുടെ ഒഴുക്കാണെന്ന് റിസോർട്ട് മാനേജർ പറഞ്ഞിരുന്നു. അതിരാവിലെ ആയത് കൊണ്ടാകാം ഞങ്ങളെത്തുമ്പോൾ പരുന്തുംപാറ അനാഥമായി കിടന്നു. ഇന്റർലോക്ക് പാകിയ പാതയിൽ കൂടി താഴേക്ക് ഇറങ്ങി താഴ്‌ചയിലേക്ക് തള്ളിനിൽക്കുന്ന വ്യൂപോയിന്റിലേക്ക് എത്തുമ്പോൾ കാണുന്ന കാഴ്‌ച ഏതൊരു സഞ്ചാരിയുടേയും മനംമയക്കുമെന്ന് ഉറപ്പ്. വിശാലമായ മലനിരകളിൽ നിന്നും വെള്ളച്ചാട്ടങ്ങൾ താഴേക്ക് പതിക്കുന്നതും ദൂരെ മഞ്ഞിൻ പുതപ്പിട്ട് മൊട്ടക്കുന്നുകൾ ഉറങ്ങുന്നതും കണ്ടിരിക്കുമ്പോൾ സമയം കടന്ന് പോകുന്നത് അറിയില്ല. അന്നത്തിന് വേണ്ടി ആമാശയം വിളി തുടങ്ങിയപ്പോഴാണ് പരുന്തുംപാറയിൽ നിന്നിറങ്ങി ഭക്ഷണം തേടി യാത്ര തുടങ്ങിയത്. തിരികെ പ്രധാന റോഡിലെത്തി കുറച്ച് ദൂരം പോയപ്പോൾ പാമ്പനാർ എന്ന ചെറിയ ടൗണിലെത്തി. അവിടെ കണ്ട സാമാന്യം വൃത്തിയുണ്ടെന്ന് തോന്നിച്ച കടയിൽ കയറി അപ്പവും മുട്ടക്കറിയും തട്ടി. മോശം പറയാനാവാത്ത ഭക്ഷണം. തിരികെ റിസോർട്ടിലെത്തി കുളിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ദൂരെ നമ്മളെ പ്രതീക്ഷിച്ച് ഒരു ബോട്ട് കാത്തിരിക്കുന്നുണ്ടായിരുന്നു.

തേക്കടി
ജീവിതത്തിൽ ഒരിക്കലെങ്കിലും തേക്കടിയിലെത്തിയില്ലെങ്കിൽ അത് തീരാ നഷ്‌ടമായിരിക്കുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അത് മനസിൽ വച്ചാണ് തേക്കടിയിലെ തടാകത്തിലേക്ക് എത്തിയത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ പ്രധാന ഗേറ്റിന് മുന്നിൽ വച്ച് തന്നെ ഗൈഡ് എന്ന് തോന്നിക്കുന്നൊരാൾ വാഹനം തടഞ്ഞു. അകത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലെന്നും വനംവകുപ്പിന്റെ വാഹനത്തിൽ പോകണമെന്നും അതിനിടയിൽ വേണമെങ്കിൽ ആനസവാരിക്ക് പോകാമെന്നും കക്ഷി ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു. പലയിടത്തും പോയി ഗൈഡുമാർ പണി തന്നത് കൊണ്ട് തത്കാലം ഓഫർ നിരസിക്കുകയല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല. എന്തായാലും വനംവകുപ്പിന്റെ വാഹനമെത്താൻ സമയം ഇനിയും വൈകുമെന്നുള്ളത് കൊണ്ട് പ്ലാൻ ഒരൽപ്പം മാറ്റിപ്പിടിച്ചു. തേക്കടിയിൽ നിന്നും കമ്പം തേനി ഹൈവേയിലേക്ക് ഒരു ചെറിയ യാത്ര. പോകുന്ന വഴി മുന്തിരിത്തോട്ടങ്ങൾ കാണാമെന്നതാണ് ഹൈലൈറ്റ്. മുന്തിരിത്തോട്ടങ്ങൾക്ക് നടുവിൽ ചെന്നിരിക്കുമ്പോൾ മോഹൻലാലിന്റെ ഡയലോഗ് ആണ് ഓർമ വന്നത്. “നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം, അതികാലത്ത് എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്ത് പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം, അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം നൽകാം” . കട്ടത്തണുപ്പിൽ നിന്ന് കൊടുംചൂടിലേക്ക് എത്തിയത് കൊണ്ട് ശരീരം പണി തരുമെന്ന പേടിയുള്ളതിനാൽ അവിടെ നിന്നും ഒരു മുന്തിരി ജ്യൂസും കഴിച്ച് തിരികെ വീണ്ടും തേക്കടിയിലേക്ക്.

ഈ ബോട്ടെങ്ങാനും മുങ്ങുമോ?
തിരികെയെത്തുമ്പോൾ വനംവകുപ്പിന്റെ ബസിൽ കയറാനുള്ള ക്യൂ തുടങ്ങി. നേരെ വന്യജീവി സങ്കേതത്തിലേക്കുള്ള ടിക്കറ്റുമെടുത്ത് ബസിൽ കയറി ഇരിക്കുമ്പോൾ വിശപ്പിന്റെ വിളിയും വീണ്ടും ആരംഭിച്ചു. ബോട്ടിംഗ് ആരംഭിക്കുന്ന സ്ഥലത്ത് നിന്നും അഞ്ച് പേർക്കുള്ള ബോട്ടിംഗ് ടിക്കറ്റുമെടുത്ത് കാത്തിരിക്കുമ്പോൾ തേടിയെത്തിയ ചാറ്റൽ മഴയ്‌ക്കൊപ്പം ഒരൽപ്പം ഭയവും മനസിലേക്ക് ഇരച്ചെത്തി. ദൈവമേ ഈ ബോട്ടെങ്ങാനും പണ്ടത്തെപ്പോലെ മുങ്ങിയാൽ എന്ത് ചെയ്യും?. കൂടെ നിന്ന ചങ്കിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ലൈഫ് ജാക്കറ്റുള്ളത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നായിരുന്നു മറുപടി. ജലസുന്ദരി എന്ന ബോട്ട് കണ്ടപ്പോൾ ആശങ്കകളെല്ലാം കണ്ടംവഴി ഓടി. പണ്ടത്തെ മലയാളം സിനിമയിലെ വില്ലൻമാർ സഞ്ചരിക്കുന്ന തരം ഒരു പഴയബോട്ട്. ബോട്ടിന് മുന്നിൽ മേൽമൂടിയില്ലാതെ നാല് സീറ്റുകൾ. മഴ നനഞ്ഞ് ഇരുന്നാൽ ഗംഭീര കാഴ്‌ചകൾ കാണാം. എന്തായാലും ഞങ്ങൾ മഴ നനയാൻ തന്നെ തീരുമാനിച്ചു. അത് തെറ്റിയില്ലെന്ന് യാത്ര പുരോഗമിക്കുമ്പോൾ മനസിലായി. യാത്രാമധ്യേ ഞങ്ങളെ കാത്ത് കാട്ടുപോത്തുകളും മാൻകൂട്ടങ്ങളും നീർനായകളും തടാകത്തിന്റെ ഇരുവശങ്ങളിലും നിന്നിരുന്നു. നല്ല കിടിലൻ കാഴ്‌ചകൾ കാണാം. യാത്ര കഴിഞ്ഞിറങ്ങി ബോട്ടിലെ ചേട്ടനോടൊത്ത് സെൽഫിയെടുത്ത് പിരിയുമ്പോൾ സമയം നാല് മണിയോടടുത്തിരുന്നു.

പാതിവഴിയിൽ മുടങ്ങിയ സത്രം
തേക്കടിയിൽ നിന്നും ബോട്ടിംഗ് കഴിഞ്ഞ് മടങ്ങിവരുന്ന വഴിയിൽ വണ്ടിപ്പെരിയാർ ടൗണിന് മുമ്പ് ഇടത്തേക്ക് തിരിയുന്ന ഒരു റോഡുണ്ട്. ശബരിമലയിലേക്കുള്ള പഴയ കാനന പാത തുടങ്ങുന്ന സത്രം എന്ന സ്ഥലത്തേക്കാണ് ഈ വഴി ചെന്നെത്തുന്നത്. സത്രത്തെക്കുറിച്ച് നേരത്തെ കേട്ടിട്ടുള്ളതിനാൽ സമയം വൈകിയെങ്കിലും ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ചു. ഇടയ്‌ക്ക് തമിഴ് – മലയാളം ബോർഡ് വച്ച സ്വകാര്യ ബസ് വഴിമുടക്കി. ആളെ കയറ്റിയും ഇറക്കിയും പോകുന്ന ബസിന്റെ പുറകേ പോകുവാനല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല. ഹരിത ഭംഗി നിറഞ്ഞ കുന്നുകളും ഗ്രാമീണ അന്തരീക്ഷവും കടന്ന് ഒടുവിൽ ഞങ്ങൾ വള്ളക്കടവ് എന്ന സ്ഥലത്തെത്തി. വികസനമെത്തിയിട്ടില്ലാത്ത നാലുംകൂടിയ കവല. സത്രത്തിലേക്കുള്ള വഴി ചോദിച്ചപ്പോൾ തന്നെ ഒരാൾ വിലക്കി. ‘സത്രത്തിലേക്ക് ചെറിയ കാറൊന്നും പോകില്ല, ജീപ്പ് വിളിക്കണം, മാത്രവുമല്ല അവിടെ കാട്ടാന ഇറങ്ങിയിരിക്കുകയാണ്’. ചെറുതായൊന്ന് പേടിച്ചെങ്കിലും പിന്നോട്ടില്ലെന്ന് സംഘാംഗങ്ങളുടെ ഉറച്ച തീരുമാനം. ജംഗ്‌ഷനിൽ കണ്ട ജീപ്പുകാരനോട് യാത്രയെ പറ്റി തിരക്കി. രണ്ടര മണിക്കൂർ സമയം, 12 കിലോ മീറ്റർ ദൂരം, മല ചുറ്റിക്കാണിച്ച് തിരികെയെത്തിക്കും, 1500 രൂപ ചാർജ്. പക്ഷേ അവിടേക്കുള്ള യാത്ര ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. ഞങ്ങളുടെ കാറിൽ അവിടേക്കുള്ള യാത്രയും പരാജയപ്പെടുമെന്ന് മനസിലാക്കിയതോടെ വീണ്ടും ഒരിക്കൽ ഇവിടേക്കെത്തുമെന്ന് ഉറപ്പിച്ച് തിരികെ മടങ്ങി.

ഒരു ലോഡ് ചിക്കൻ ഫ്രൈ
തിരികെ റിസോർട്ടിലേക്കുള്ള യാത്രയ്‌ക്കിടെ വണ്ടിപ്പെരിയാറിൽ നിന്നും ബ്രോയിലർ ചിക്കനും അത് ഫ്രൈ ചെയ്യേണ്ട സാധനങ്ങളും വാങ്ങി വണ്ടിയിൽ കരുതിയിരുന്നു. റിസോർട്ടിൽ തിരിച്ചെത്തുമ്പോൾ മാനേജർ ചേട്ടൻ അടുക്കളയൊക്കെ വൃത്തിയാക്കി ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ചങ്കിന്റെ അതീവ രഹസ്യക്കൂട്ടുകൾ ചേർത്ത് ചിക്കൻ എണ്ണയിൽ പൊരിഞ്ഞ് വരുമ്പോൾ വായിൽ വെള്ളമൂറി. എന്തൊക്കെ പറഞ്ഞാലും ചിക്കൻ പൊരിച്ച തീർന്നതിന് ശേഷം മാത്രമേ രുചിനോക്കാനെങ്കിലും തരുകയുള്ളൂ എന്ന ചങ്കിന്റ മറുപടി എല്ലാവരെയും നിരാശരാക്കി. ആ നിരാശ തീർന്നത് ഒരു പാത്രം നിറയെ ചിക്കൻ ഫ്രൈ ബ്രഡും കൂട്ടി തട്ടിയപ്പോഴാണ്. ഒടുവിൽ രാത്രി വൈകി തളർന്നുറങ്ങുമ്പോൾ രാവിലെ ഈ സുന്ദരിയോട് യാത്ര പറഞ്ഞിറങ്ങേണ്ടി വരുമല്ലോ എന്ന ചിന്തയായിരുന്നു മനസിൽ നിറയെ.

Leave a comment