ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തിന് പോലും വിപ്ലവത്തിന്റെ ശീലുകളുള്ള കേരളത്തിന്റെ സ്വന്തം കണ്ണൂരിന് അറബി നാട്ടിൽ ഒരു അപരനുണ്ടെന്ന്  എത്രപേർക്കറിയാം.അബുദാബിയിലെ ലിവയിൽ നിന്നും

35 കിലോ മീറ്ററോളം സഞ്ചരിച്ചാൽ ഖണ്ണൂർ എന്ന മണൽകുന്നുകളുടെ നാട്ടിലെത്താം. പേര് കേൾക്കുമ്പോൾ  വലിയ നഗരമാണെന്ന് തെറ്റിദ്ധരിക്കരുത്. ഒരു പെട്രോൾ പമ്പും കുറച്ച് ഈത്തപ്പന തോട്ടങ്ങളുമുള്ള മരുഭൂമിയിലെ അറിയപ്പെടാത്ത സുന്ദരിയാണ് ഖണ്ണൂർ. ലിവയിലുള്ള റൌണ്ട് എബൌട്ടിൽ നിന്നും വലത്തോട്ട് തിരിയുന്നത് ഖണ്ണൂരിലേക്കാണ്. ഹമീമിൽ നിന്നും ലിവയിലെത്തിയത് പോലെ തന്നെ കയറ്റവും ഇറക്കവും വളവും തിരിവുമൊക്കെയുള്ള അടിപൊളി റോഡ്. ഖണ്ണൂരിലുള്ള അഡ്നോക്കിന്റെ പെട്രോൾ പമ്പാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം. പുലർച്ചെ ഏതാണ്ട് മൂന്നരമണിയോടെ ഞങ്ങളവിടെയെത്തി. അഞ്ചര മണിക്കാണ് സുഹൃത്തും പഴയ സഹമുറിയനുമായ ഹൈദരാബാദ് സ്വദേശി ഷൈഖ് ഫിറോസ് ഡ്യൂട്ടിക്കിറങ്ങുമെന്ന് അറിയിച്ചിട്ടുള്ളത്. എന്തായാലും അതുവരെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാണ്ഡക്കെട്ട് സ്വപ്നങ്ങളിലെ വഴിയമ്പലങ്ങളിൽ ഏൽപ്പിച്ച് ഞാനും അനസും കാറിൽ തന്നെ കിടന്നുറങ്ങി.

അഞ്ചരക്കെഴുന്നേൽക്കണമെന്ന് വിചാരിച്ചാണ് കിടന്നത്, അത് എന്നത്തേയും പോലെ തെറ്റി. കണ്ണുതുറന്നപ്പോൾ ആറര മണിയായിരുന്നു. പിന്നെ മുഖമൊക്കെ കഴുകിയൊന്ന് ഫ്രഷ് ആയതിന് ശേഷം ഞാൻ പമ്പിലേക്കിറങ്ങി. അവിടെ കണ്ട മലയാളി മുഖമെന്ന് തോന്നിച്ചൊരാളോട് ഫിറോസ് ഉണ്ടോയെന്ന് തിരക്കി. പമ്പിനകത്തുണ്ടെന്നായിരുന്നു മറുപടി. ഒരുപാടു കാലം മനസാക്ഷിസൂക്ഷിപ്പുകാരനായിരുന്ന സുഹൃത്തിനെ കാണാൻ പോവുകയാണ്. തെല്ലൊരു ആശ്ചര്യത്തോടെയാണ് ഞാൻ പമ്പിനകത്തേക്ക് കയറിയത്. മെലിഞ്ഞുണങ്ങിയ വിഷാദ ഭാവമുള്ള മുഖമായിരുന്നു എന്റെയുള്ളിൽ. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് ഉഗ്രൻ ബോഡിയും പ്രസന്നത മുറ്റിയ മുഖവുമായി അവൻ ഇറങ്ങി വന്നു.

ഫിറോസിനെ കണ്ടപ്പോൾ ഓർമയിൽ തെളിഞ്ഞത് ആദ്യമായി അവൻ പമ്പിൽ വന്ന ദിവസമാണ്. അത് ഒരു റമസാൻ മാസത്തിലായിരുന്നു. വേനൽ അതിന്റെ സകല രൌദ്രഭാവങ്ങളും പുറത്തെടുക്കുന്ന ദിവസങ്ങളിലൊന്നിലായിരുന്നു ഞാനും അവിടെയെത്തിയത്. ആദ്യം കണ്ടുമുട്ടിയത് സുരേന്ദ്രർ ധക്കാൽ എന്ന നേപ്പാളിയെയാണ്. സകല വിദ്യയും പഠിച്ച ഒരു മിടുക്കൻ. എന്റെ സഹമുറിയൻ. ആദ്യ ദിവസം റൂമിലെത്തിയപ്പോൾ ശരിക്കും എനിക്ക് കരയാൻ പോലും തോന്നിയില്ല. കണ്ണീരുപോലും വരാത്ത ഒരുതരം മരവിപ്പ് ബാധിച്ചിരുന്ന എനിക്ക് അൽപ്പമെങ്കിലും ആശ്വാസമേകിയത് ഫിറോസിന്റെ വരവായിരുന്നു. ബാഗും മറ്റും കട്ടിലിൽ വച്ച് തറയിലിരുന്ന് കുച്ച് ഭീ സമച്ച് മേ നഹീ ആതാ ഹൈ ഭായീ എന്നവൻ പറഞ്ഞപ്പോൾ ഞാനെൻറെ ഏകാന്തതയെ മറന്നു അവനെ ആശ്വാസിപ്പിച്ചു. പിന്നെയങ്ങോട്ട് രാവുകളും പകലുകളും പരസ്പരം വിശേഷങ്ങൾ പറഞ്ഞു നേരം പോയതറിഞ്ഞില്ലെന്ന് ആലങ്കാരികമായി പറയാം. എന്നാൽ സത്യത്തിൽ ഞാൻ സമയത്തിന് കാവലിരിക്കുകയായിരുന്നു. ആകെ ആ പെട്രോൾ പമ്പിലുള്ളത് 15 പേരാണ്. 4 സൂപ്പർവൈസർമാർ. 3 ഓയിൽ ചെയിഞ്ചിംഗ് സ്റ്റാഫുകൾ. പിന്നെ ഞങ്ങൾ എട്ട് പെട്രോൾ ഫില്ലർമാർ. ഇതിൽ ചുരുങ്ങിയത് മൂന്ന് പേർ അവധിയിലായിരിക്കും. 4 പേർ ഡ്യൂട്ടിയിൽ. നാലോ അഞ്ചോ പേർ ഉറക്കത്തിലായിരിക്കും. പിന്നെയുള്ള ഉണർന്നിരിക്കുന്ന ഒരാൾ അല്ലെങ്കിൽ രണ്ട് പേർ… അവർ ഒറ്റക്കിരുന്നു ചിന്തയുടെ കെട്ടുകൾ അഴിച്ചു വിട്ട് ഭ്രാന്തന്മാരെപ്പോലെ അവിടെയൊക്കെ അലഞ്ഞു നടക്കും. എന്നാൽ നിങ്ങൾ വിചാരിക്കും പുറത്തൊക്കെ പോയി കറങ്ങിയാലെന്തായെന്ന്. നോക്കെത്താ ദൂരത്ത് മണൽക്കുന്നുകൾ മാത്രമുള്ള ഒരു സ്ഥലം . ഒരു കടയിൽ പോണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം.

ഓടിവന്ന് കെട്ടിപ്പിടിച്ച അവൻ എന്നെയും അനസിനെയും താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി ചായയിട്ട് തന്നു. പിന്നെ കുറേ നേരം എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു. മുറിഹിന്ദിയിൽ ഞാനും മറുപടി പറഞ്ഞു. കുറച്ച് നേരത്തെ കത്തിവയ്പ്പിന് ശേഷം ഞങ്ങൾ ഖണ്ണൂരിൽ നിന്നും യാത്ര തിരിച്ചു. ഇനിയും പറഞ്ഞു തീരാത്ത വിശേഷങ്ങൾ പറയാനും കണ്ടുതീരാത്ത കാഴ്ച്ചകൾ കാണാനും തിരികെയെത്താമെന്ന ഉറപ്പുമായി. തിരികെയുള്ള യാത്രയിലാണ് ശരിക്കും മരുഭൂമിയുടെ സൌന്ദര്യം ഇതൾവിരിക്കുന്നത് കാണാനായത്. ചാഞ്ഞും ചരിഞ്ഞും അവളൊരു മദാലസയെപ്പോലെ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടേയിരിക്കും. ഈന്തപ്പനക്കുലകളാൽ തീർത്ത കാർകൂന്തലിനഴകിൽ അവളിങ്ങനെ കഴിഞ്ഞുപോയ നല്ലകാലത്തിന്റെ സ്മരണകളും പേറി നിൽക്കും. പൌലോ കൊയ്ലോ മരുഭൂമിയെക്കുറിച്ച് പറയുന്നപോലെ Maybe God created the desert so that man could appreciate the date trees… മരൂഭൂമിയെയും അവളുടെ ഭംഗി കൂട്ടുന്ന ഈന്തപ്പനകളെയും വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ ലിവയിലേക്ക് യാത്രതുടർന്നു.

ഖണ്ണൂരിൽ നിന്നും ലിവയിലേക്കുള്ള വഴിയിലാണ് ലിവ ഒയാസിസ് ഹോട്ടൽ ഉള്ളത്. കൂടാതെ മണൽക്കുന്നുകളുടെ മാദകത്തിടമ്പായ മുരീബ് മണൽക്കുന്നുകളിലേക്ക് പോകുന്നതും ഇതു വഴിയാണ്. എന്തായാലും ഇതുവരെ വന്ന സ്ഥിതിക്ക് അത് കൂടി കാണാമെന്ന് കരുതി ഞങ്ങൾ മുരീബ് ഡ്യൂൺ(മണൽക്കുന്ന്)ലേക്ക് യാത്ര തിരിച്ചു. മുരീബ് ഡ്യൂണിലേക്കുള്ള യാത്രയും ചിത്രങ്ങളും വീഡിയോയും അടുത്ത അദ്ധ്യായത്തിൽ എഴുതാം….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s