ഓർമ്മകൾക്ക് മണമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാലൊന്ന് നാസിക വിടർത്തി ചിന്തിച്ചാൽ ഓർമകൾക്കും മണമുണ്ടെന്ന് തോന്നും. ലിവയിലേക്കുള്ള യാത്രയിൽ ഞാൻ ചിന്തിച്ചത് മുഴുവൻ എന്റെ ഓർമകളെക്കുറിച്ചാണ്. അതിൽ ഓർക്കാൻ കഴിഞ്ഞവയൊക്കെയും ചില മണങ്ങളായിരുന്നു. കാച്ചിയ എണ്ണയുടെ മണമുള്ള ചിലയോർമകൾ. മണ്ണിന്റെ മണമുള്ള ചിലയോർമകൾ. പുകയുടെയും ദ്രാവകത്തിന്റെയും മണമുള്ള പല തരം ഓർമകൾ. പെട്രോളിന്റെ മണമുള്ള പ്രവാസത്തിന്റെ ഓർമകളും അതിലുണ്ട്. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് പോലെ ചിലയോർമകൾക്കെന്തൊരു ഓർമയാണ്….

എന്തായാലും തഹസീൽദാരുടെ വീട്ടിൽ പോണ വഴി ചോദിച്ച് ചോദിച്ച് അവസാനം ഞങ്ങൾ ലിവയിലെ അഡ്നോക് പമ്പിലെത്തി. ഇതുവരെ വന്നതല്ലേ ഒരു ചായ കുടിച്ചു കളയാമെന്ന് കരുതിയാണ് വണ്ടി നിർത്തിയത്. മാത്രവുമല്ല എനിക്കറിയാവുന്ന കുറച്ച് പേർ ഇവിടെയുണ്ടെന്ന പ്രതീക്ഷയുമുണ്ട്. എന്തായാലും വണ്ടി നിർത്തിയപ്പോൾ തന്നെ പമ്പിലെ കൺവീനിയന്റ് സ്റ്റോറിന്റെ കൌണ്ടറിൽ പരിചയ ഭാവത്തിൽ ഒരാളിരിക്കുന്നു. പേരറിയില്ല. വർഷങ്ങൾക്കിപ്പുറം തിരിച്ചറിയുമോയെന്ന സംശയത്തിൽ സലാം പറഞ്ഞപ്പോൾ പുള്ളിക്കാരന് എന്നെ മനസിലായിരിക്കുന്നു. പിന്നെ ചായയും കുടിച്ച് പുറത്തിറങ്ങി നിന്ന് കുറേയേറെ സംസാരിച്ചു. പഴയകാലത്തെക്കുറിച്ചും ഇപ്പോഴത്തെ വിശേഷങ്ങളെപ്പറ്റിയും വാതോരാതെ സംസാരിക്കാൻ തത്പരനായ കക്ഷി. സംസാരത്തിനിടയിൽ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സലീമിക്കയും മറ്റ് രണ്ട് പേരും ഇവിടുണ്ടെന്ന് അയാളിൽ നിന്നറിഞ്ഞു. എങ്കിൽ പിന്നെ പിറ്റേ ദിവസം രാവിലെ ഡ്യൂട്ടിക്കെത്തുന്ന അവരെ കാണാനെത്താമെന്ന ഉറപ്പിൽ ഞങ്ങളവിടെ നിന്നും യാത്ര തിരിച്ചു.

ഒരു വർഷത്തോളം മാത്രം നീണ്ട എന്റെ പ്രവാസ ജീവിതത്തിൽ ഞാനേറെ വന്നിട്ടുള്ള സ്ഥലമാണ് ലിവ. എല്ലാ മാസത്തിലും 27ആം തീയതിയാണ് ഞങ്ങളുടെ ശമ്പള ദിവസം അന്നെല്ലാവരും ഉറക്കമുണരുന്നത് ശമ്പളം കിട്ടുന്നതിന്റെ സന്തോഷത്തിലാണ്. പലപ്പോഴും ഈ ദിവസം ഡ്യൂട്ടിയൊന്നും ഇല്ലെങ്കിൽ യുവർ അക്കൌണ്ട് ഹാസ് ബീൻ ക്രെഡിറ്റഡ് എന്ന് ബാങ്കിൽ നിന്നും വരുന്ന മെസേജ് കണി കണ്ട് ഉണരാനായി ഞാൻ ഉറക്കം നടിച്ച് കിടക്കും. പിന്നെ ഒരുക്കമാണ് എങ്ങനെയെങ്കിലും ഡ്യൂട്ടി കഴിഞ്ഞ് ലിവയിലെത്തണം. അവിടെ ചെന്നാൽ എ.ടി.എം കൌണ്ടറിലെത്തി പൈസ എടുക്കുമ്പോൾ ഇത്രയും ദിവസം അനുഭവിച്ച കഷ്ടപ്പാടുകളൊക്കെയും തനിയെ മറക്കും. പിന്നെ ലിവയിലെ ചുരുക്കം ചില ഹോട്ടലുകളിൽ ഒന്നിൽ നിന്നും ചിക്കൻ ചുക്കയും പൊറോട്ടയും കഴിക്കും. കഴിച്ച് വയറു നിറഞ്ഞാൽ കയ്യിലുള്ള പൈസ വീതം വയ്ക്കലാണ് മെസിനെത്ര, നെറ്റിനെത്ര, കടം വാങ്ങിച്ചത് തിരിച്ച് കൊടുക്കാനുള്ളതെത്ര, കടം ചോദിച്ചവർക്ക് കൊടുക്കാനുള്ളതെത്ര, വീട്ടുകാർക്കെത്ര… അങ്ങനെ വീതിക്കുമ്പോൾ ഏകദേശം എല്ലാം കഴിയും. പിന്നെ മണി എക്സ്ചേഞ്ചിലേക്ക്. അവിടെ നിന്നും വീട്ടിലേക്ക് പൈസ അയക്കുമ്പോൾ കഴിഞ്ഞിരിക്കും ഒരു മാസത്തെ ശമ്പളം. അതായത് ചുരുക്കി പറഞ്ഞാൽ താൻ അധ്വാനിച്ചുണ്ടാക്കിയ പണം എ.ടി.എം കൌണ്ടർ മുതൽ മണി എക്സ്ചേഞ്ച് വരെ ചുമക്കുവാനേ ഓരോ പ്രവാസിയും വിധിക്കപ്പെട്ടിട്ടുള്ളൂ.

കേരളത്തിന്റെ വിപ്ലവമുറങ്ങുന്ന കണ്ണൂരിന് അറബി നാട്ടിൽ ഒരു അപരനുണ്ട്. അതിനെക്കുറിച്ച് വിശദമായി അടുത്ത ലക്കത്തിലെഴുതാം….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s