രാത്രി ദുബായിൽ നിന്നും പുറപ്പെട്ട ഞാനും അനസും ദിക്കറിയാത്ത മരുഭൂമിയുടെ ഏതോ കോണിലൂടെ യാത്ര തുടർന്നുകൊണ്ടിരുന്നു. ലോകത്തിന്റെ ഏത് കോണിൽ അകപ്പെട്ടാലും സഹായത്തിന് ഗൂഗിൾ മുത്തപ്പനുണ്ടെങ്കിൽ (ഗൂഗിൾ മാപ്പ്) എന്തിനു പേടിക്കണമെന്ന ചിന്തയിൽ മുന്നിൽ കണ്ട റോഡിലൂടെ വണ്ടി ഞങ്ങളേയും വഹിച്ചുകൊണ്ട് യാത്രതുടർന്നുകൊണ്ടേയിരുന്നു. ആ യാത്ര അവസാനിച്ചത് ഹമീമിലെ അഡ്നോക്ക് പമ്പിനടുത്തായാണ്. പണ്ട് എന്റെ പ്രവാസജീവിതത്തിന്റെ ശൈശവകാലത്ത് മരുഭൂമിയിൽ ചുറ്റിത്തിരിഞ്ഞ് ഞാൻ ഒരിക്കൽ അവിടെ വന്നിട്ടുണ്ട്. രണ്ട് ചെറിയ കടകളും ഹോട്ടലുമൊക്കെയുള്ള ഒരു കുഞ്ഞ് സ്ഥലമാണ് ഹമീം. അവിടെ നിന്ന് മുന്നോട്ടുള്ള പാത അറബിനാട്ടിൽ മറ്റൊരുടത്തും (എന്റെ പരിമിതമായ അറിവിൽ )കാണാൻ കഴിത്ത വിധം വളവും തിരിവും കയറ്റവും ഇറക്കവുമൊക്കെയുള്ളതാണ്. അമിതവേഗതയിൽ പായുന്നവരെ പൊക്കാൻ സ്‌പീഡ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 80 കിലോമീറ്റർ പെർ മണിക്കൂറാണ് വേഗപരിധി. ഹമീമിൽ നിന്നും കുറച്ച് മുന്നോട്ട് പോകുമ്പോൾ വലിയൊരു ഇറക്കമാണ്. ഇറക്കം അവസാനിക്കുന്നത് സാമാന്യം വലിയൊരു റൗണ്ട് എബൌട്ടിലാണ്. ഷാ ഗ്യാസ് പ്ലാന്റിലേക്കുള്ള വഴി തുടങ്ങുന്നത് അവിടെ നിന്നാണ്. യു.എ.ഇയിലെ ഏറ്റവും വലിയ ഗ്യാസ് പ്ലാന്റുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.

ഹമീമീൽ നിന്നും ഏകദേശം 35 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഓർമകളുറങ്ങുന്ന എന്റെ പഴയ ജോലി സ്ഥലത്തെത്തും. തെർവാനിയ അല്ലെങ്കിൽ നഷാഷ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഇവിടെ ആകെയുള്ളത് ഞങ്ങൾ ജോലി ചെയ്തിരുന്ന അഡ്നോക്കിന്റെ പെട്രോൾ പമ്പും അറബികൾ താമസിക്കുന്ന ഒരു റെസിഡൻഷ്യൽ ഏരിയയും (അറബി ഭാഷയിൽ ഷാബിയ എന്നാണ് ഇത്തരം പ്രദേശങ്ങളെ വിളിക്കുന്നത്) ഒരു പള്ളിയും മസറകളും (കൃഷിയിടങ്ങൾ അല്ലെങ്കിൽ തോട്ടങ്ങൾ) മാത്രമാണ്. ഇവിടെയുള്ള ഷാബിയകളിലും താമസക്കാർ എണ്ണത്തിൽ വളരെക്കുറവാണ്.

ഞങ്ങളുടെ വണ്ടി മുന്നോട്ടു പാഞ്ഞുകൊണ്ടേയിരുന്നു. എന്റെ സംഭവബഹുലമായ ജീവിതത്തിൽ ഒരു വർഷം എന്റെ പ്രവർത്തിമണ്ഡലമായിരുന്ന പമ്പിന് ഏതാണ്ട് അടുത്തെത്തി. ഞാൻ ആദ്യമായി അവിടെ എത്തിയ ദിനമാണ് പെട്ടെന്ന് എന്റെ മുന്നിലൂടെ മിന്നിമാഞ്ഞത്….. അന്ന് എന്റെ കൂടെയുണ്ടായിരുന്നവർ… വണ്ടി പമ്പിനടുത്തെത്തുമ്പോഴേക്കും എന്റെ ഓർമയുടെ പട്ടം ചരട് പൊട്ടിച്ച് പാഞ്ഞിരുന്നു. വിശുദ്ധമാസത്തിലെ വ്രതത്തോട് കൂടി രണ്ട് വലിയ ബാഗുകളും തൂക്കി നട്ടുച്ച വെയിലിൽ റോഡിനപ്പുറം ഞാൻ ആദ്യമായി വന്നിറങ്ങിയ ചിത്രം എന്റെ മനസിൽ തെളിഞ്ഞു. ഭാരവും തൂക്കി റോഡ് മുറിച്ച് കടക്കുമ്പോൾ ഈ നരകത്തിലാണോ പടച്ചോനേ ഞാൻ വന്ന് പെട്ടതെന്ന് മനസിൽ ഒരു വിങ്ങലുണ്ടായി. പിന്നെയെല്ലാം യാന്ത്രികമായിരുന്നു. മനുഷ്യമുഖം കാണാൻ കൊതിച്ച എത്രയോ ദിവസങ്ങൾ എന്റെ ജീവിതത്തിൽ കടന്നുപോയിട്ടുണ്ട്. എടാ ഇത് തന്നെയാണോ സ്ഥലം അനസിന്റെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.

പമ്പിന്റെ വെളിച്ചം ദൂരെ നിന്ന് തന്നെ കാണാം. പമ്പിനൊരുവശത്തായി ഞങ്ങൾ വണ്ടി പാർക്ക് ചെയ്‌തു. ടയറിലെ പ്രെഷർ ചെക്ക് ചെയ്യാനായി അനസ് പുറത്തിറങ്ങി. എന്റെ കണ്ണുകൾ പമ്പിനുള്ളിലും ചുറ്റുമായി പരതിനടക്കുകയായിരുന്നു. പഴയ പരിചയക്കാർ ആരെങ്കിലുമുണ്ടോ ? എനിക്ക് അറിയാവുന്നവർ?എന്റെ ഹൃദയ വല്ലാതെ മിടിച്ചുകൊണ്ടിരുന്നു. പമ്പിൽ പഴയ പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ കാണാമെന്ന പ്രതീക്ഷയിലാൽ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി പമ്പിലേക്ക് നടന്നു. പമ്പിനകത്തെ ചെറിയ ഓഫീസിനുള്ളിലെ അരണ്ട വെളിച്ചത്തിൽ ഒരു മനുഷ്യൻ ജോലി ചെയ്യുന്നു. പെട്ടെന്ന് എനിക്ക് തോന്നി അത് ഞാൻ തന്നെയല്ലേ… ഇവിടെ ജോലിചെയ്‌തിരുന്നപ്പോൾ മിക്ക ദിവസങ്ങളിലും എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു കിട്ടിയിരുന്നത്. രാത്രികളോടുള്ള അടങ്ങാത്ത ആവേശം കൊണ്ടാകാം അവയൊക്കെയും ഞാൻ സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. അകത്തുള്ളയാളോട് സലാം പറഞ്ഞ് കൊണ്ട് ഞാൻ സ്വയം പരിചയപ്പെടുത്തി.

ഈ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ദുനിയാവിലെ ഒരണുവായിരുന്നു ഞാനും എന്നാണ് പറയാൻ തോന്നിയത്. അതൽപ്പം ബോറാകുമെന്ന് കരുതി പേരും പിന്നെ ഇവിടെ പണ്ട് ജോലി ചെയ്തിരുന്നയാളാണെന്നും പറഞ്ഞു. പിന്നെ വിശേഷങ്ങൾ പറച്ചിലായിരുന്നു. എനിക്കൊപ്പം ജോലി ചെയ്തിരുന്ന ആൾക്കാരിൽ ആരും തന്നെ ഇപ്പോളവിടെയില്ല. എല്ലാവർക്കും സ്ഥലം മാറ്റം കിട്ടിയിരിക്കുന്നു. ചിലരെ ജോലിയിൽ നിന്നു തന്നെ പിരിച്ചു വിട്ടിരിക്കുന്നു. രാത്രിയായതിനാൽ പമ്പിൽ വാഹനങ്ങളൊന്നു വരാറില്ല. പഴയതു പോലെ ഇപ്പോൾ തിരക്കുകളൊന്നുമില്ലെന്നും അയാൾ പറയുന്നുണ്ടായിരുന്നു.

കൂടുതൽ വിശേഷങ്ങൾ പറയാൻ തക്ക സൗഹൃദം ഇല്ലാത്തതിനാൽ കുറച്ച് നേരത്തെ കത്തിവയ്‌ക്കലിന് ശേഷം ഞാനും അനസും വീണ്ടും യാത്ര തുടർന്നു അടുത്ത ലക്ഷ്യം നമ്മളിപ്പോഴുള്ള സ്ഥലത്ത് നിന്നും ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ലിവയിലെ അഡ്നോക്ക് പെട്രോൾ പമ്പാണ്. അവിടെ പരിചയക്കാരയ കുറച്ച് പേർ ജോലി ചെയ്യുന്നുണ്ട്. ലിവയിലേക്കുള്ള യാത്രക്കിടെ രണ്ടോ മൂന്നോ കടകൾ മാത്രമാണുള്ളത്. ഇടക്ക് അറബി വംശജരുടെ ഷാബിയകളുണ്ട്. ഒട്ടകങ്ങളെയും ആടുകളെയും വളർത്തുന്ന ഫാമുകളുണ്ട്. ഇടക്ക് പ്രസിദ്ധമായ യമനി മന്തി ബിരിയാണി കിട്ടുന്ന ഒരു കടയുണ്ട്. യമനി സ്വദേശികൾ നടത്തുന്ന കടയുടെ പേര് ഹദർ മൌത്ത് എന്നാണ്. നമ്മുടെ നാട്ടിൽ കിട്ടുന്ന കുഴിമന്തിയെന്ന ഐറ്റത്തിന്റെ ഒർജിനൽ യമനിലെ ഹദർ മൌത്ത് എന്ന സ്ഥലത്ത് നിന്നുമാണ് ഉണ്ടാക്കിയിരുന്നതെന്നാണ് ചരിത്രം. ലിവയിലേക്കുള്ള യാത്രയിൽ റോഡിന്റെ വലതു വശത്തു കൂടി റെയിൽ പാളമുണ്ട്. ഷായിലെ ഗ്യാസ് പ്ലാന്റിൽ നിന്നും സാധനങ്ങൾ കൊണ്ട് പോകാൻ വേണ്ടി ഉണ്ടാക്കിയ റെയിൽ പ്രോജക്ടാണ്. ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന എത്തിഹാദ് റെയിലിന്റെ ഭാഗമാണിതെന്നും പറയുന്നു. എന്തായാലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ലിവയിലെത്തുന്നതിന് മുമ്പ് റോഡിനു മുകളിലൂടെ റെയിൽവേ ലൈൻ ക്രോസ് ചെയ്യും. പിന്നെ ഒരു കയറ്റമാണ്. അത് കയറി ചെല്ലുമ്പോൾ പച്ചപ്പ് നിറഞ്ഞ ലിവയിലെത്താം.

LIWAഇനി ലിവയെക്കുറിച്ച്
അബുദാബിയുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് ലിവ അല്ലെങ്കിൽ മിസൈറ എന്ന പ്രദേശം. യു.എ.ഇ ഭരണാധികാരികളായ നഹ്യാൻ കുടുംബം ആദ്യം താമസിച്ചിരുന്നത് ലിവയിലാണെന്നാണ് ചരിത്രം. പിന്നീട് ഇവർ അബുദാബിയിലേക്ക് മാറുകയായിരുന്നു. ഇത് കൂടാതെ ഒട്ടനവധി സവിശേഷതകളുള്ള പ്രദേശമാണിവിടം. ഈത്തപ്പന കൃഷിയിൽ അഗ്രഗണ്യരായ അറബികൾ താമസിക്കുന്ന ഇവിടെ തന്നെയാണ് ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ ഈത്തപ്പഴ ഫെസ്റ്റിവലായ ലിവ ഡേറ്റ്സ് ഫെസ്റ്റിവൽ നടത്തുന്നത്. കൂടാതെ മണൽക്കുന്നുകൾ നിറഞ്ഞ  ഇവിടെ നടക്കുന്ന ലിവ ഫെസ്റ്റിനും പ്രശസ്തിയേറെയാണ്. മുരീബ് ഡ്യൂണിൽ നടക്കുന്ന ലിവ ഫെസ്റ്റിവലിനെക്കുറിച്ച് വിശദമായിത്തന്നെ പറയാം. അബുദാബിയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ലിവ മരുഭൂമി റുബ അൽ ഖാലി മരുഭൂമിയുടെ ഭാഗമാണ്. സൌദി അറേബ്യയിലേക്ക് ലിവ മരുഭൂമിയിൽ നിന്നും  35 കിലോ മീറ്റർ ദൂരം മാത്രമേയുള്ളൂ. സൌദി അറേബ്യയുടെ എണ്ണയുറവിടമായ ഷൈബ മേഖലയുമായാണ് അതിർത്തി പങ്കിടുന്നതെങ്കിലും ഇവിടേക്കെത്താൻ യാതൊരു മാർഗവുമില്ല. പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇവിടേക്ക് പ്രവേശനവിലക്കുണ്ട്.

പറഞ്ഞ് വന്നത് പെട്രോൾ മണക്കുന്ന ഓർമകളെക്കുറിച്ചാണ്… ഇടക്ക് വഴിതെറ്റി…. പത്രപ്രവർത്തകനായതിനാലാണ് ഇത്രയും വിവരങ്ങൾ കൂട്ടിച്ചേർക്കാൻ തോന്നിയത്. ഇനിയും കൂടുതൽ എഴുതിയാൽ വായിക്കുന്നവർക്ക് മുഷിപ്പ് വരുമെന്നതിനാൽ ബാക്കി അടുത്ത ഭാഗത്തിൽ(തുടരും)

ASLAM KALLARA

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s