പെട്രോൾ മണക്കുന്ന ഓർമകളിലേക്ക് ഒരു യാത്ര…

അബുദാബിയിൽ നിന്ന് കുറേ ദൂരം വടക്കോട്ട് സഞ്ചരിച്ചാൽ മരുഭൂമിയുടെ വന്യത നിറഞ്ഞ ലിവയിലെത്താം… പ്രവാസത്തിന്റെ ആദ്യ നാളുകളിൽ വന്നെത്തിയത് ലിവയിലെ ഏകാന്തമായ ഒരു പെട്രോൾ പമ്പിലാണ്. എട്ടു മണിക്കൂറത്തെ ഡ്യൂട്ടീ സമയം കഴിഞ്ഞാൽ പിന്നെ മരുഭൂമിയുടെ ഭയപ്പെടുത്തുന്ന സ്വഭാവ മാറ്റം കണ്ട് സമയം മുന്നോട്ട് നീക്കാറാണ് പതിവ്. മരുഭൂമി പെണ്ണിനെപ്പോലെയാണ് എപ്പോഴാണ് അവളുടെ സ്വഭാവം മാറുന്നതെന്ന് പ്രവചിക്കാൻ കഴിയില്ല. ചിലപ്പോൾ നെഞ്ചോട് ചേർന്ന് ചിണുങ്ങിക്കരഞ്ഞും മറ്റ് ചിലപ്പോൾ കുറുമ്പിയെപ്പോലെ പിണങ്ങിമാറി നിന്നും അവൾ തനി പെണ്ണായി മാറും. മറ്റ് ചിലപ്പോൾ തന്റെ എല്ലാ രൌദ്രഭാവങ്ങളും പുറത്തെടുത്ത് മണൽക്കാറ്റു കൊണ്ട് കലിയടക്കാനും അവൾക്കാവും. പലപ്പോഴും മരുഭൂമിയുടെ ഭാവമാറ്റം എന്നെയേറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തോളം നീണ്ടു നിന്ന പ്രവാസ ജീവിതത്തിനൊടുവിൽ എല്ലാത്തിനും താത്കാലിക വിരാമം നൽകി നാട്ടിലേക്ക് തിരിച്ചിട്ട് കാലമേറെയായിരുന്നു. പിന്നീട് വീണ്ടും യു.എ.ഇയുടെ മണ്ണിലെത്തിയത് വിസിറ്റ് വിസയിലാണ്. മൂന്ന് മാസത്തെ വിസാ കാലാവധി തീരാറായിട്ടും ജോലിയൊന്നും ആകാത്തതിലെ ദേഷ്യവും വിഷമവും മറക്കാനായത് പ്രിയ സുഹൃത്ത് അനസിനൊപ്പമുള്ള ചില യാത്രകളാണ്.

ഒരു ദിവസം വ്യാഴായ്ച്ച രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് അനസ് ലിവയിലേക്ക് പോകാമെന്ന് പദ്ധതിയിട്ടത് . പദ്ധതികൾക്ക് ആലോചിക്കാനുള്ള സമയം കുറവായതിനാൽ പെട്ടെന്ന് തന്നെ റൂമിൽ നിന്നും ക്യാമറയുടെ ബാഗും തൂക്കിയിറങ്ങി. പോകുന്ന വഴിയിൽ പഴയ സഹമുറിയനും സുഹൃത്തുമായ ഹൈദരാബാദ് സ്വദേശി ഷൈഖ് ഫിറോസിനെ ഫോണിൽ വിളിച്ചു. ആള് പഴയ ജോലി ചെയ്തിരുന്ന പമ്പിന് അടുത്തു തന്നെയുള്ള മറ്റൊരു പമ്പിൽ ഇപ്പോഴുമുണ്ട്.പിന്നെ എണ്ണിയാൽ ഒടുങ്ങുന്ന ചില സുഹൃത്തുക്കളും. സന്ദർശന ഉദ്ദ്യേശം ഇവരെ കാണലാണ്. പിന്നെ ഓർമകളുണരുന്ന ലിവയിലെ മണൽത്തരികളെ കാണണം.

രാത്രി പത്ത് മണിയോടടുപ്പിച്ച് ഞാനും അനസും ദുബായിൽ നിന്നും യാത്ര തിരിച്ചു. അന്നത്തെ യാത്രയിലാണ് ദുബായുടെ മറ്റൊരു മുഖം ഞാൻ കാണുന്നത്. രാത്രിയുടെ ഇരുട്ടിൽ വർണപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ദുബായ് മാദകത്തിടമ്പായ പെണ്ണിനെപ്പോലെ തോന്നിച്ചു. ഷെയ്ഖ് സായിദ് റോഡിന് ഇരുവശവുമുള്ള പടുകൂറ്റൻ ബിൽഡിംഗുകളിൽ നിന്നുള്ള പ്രകാശമാണ് ദുബായ് നഗരത്തിനെ സുന്ദരിയാക്കുന്നത്. യാത്രക്കിടെ ദുബായ് അബുദാബി റോഡിൽ ഗന്തൂത്ത് എന്ന സ്ഥലത്ത് ഞങ്ങൾ വണ്ടി നിർത്തി നരകത്തിലെ കോഴി അഥവാ ഷവായ് എന്ന ഞങ്ങളുടെ സ്ഥിരം സാധനം കഴിച്ചു. ഹോട്ടലിൽ നല്ല തിരക്കായിരുന്നു. നാട്ടിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ കാണുന്ന ക്യാന്റീനുകളിലെ തിരക്കുപോലെ കുറേ വെയിറ്റർമാർ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു. ഞങ്ങളതിലൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചിറങ്ങി. പിന്നെ പതുക്കെ അബുദാബിയിലേക്ക് വച്ചു പിടിച്ചു. റോഡിൽ 140 കിലോമീറ്റർ പെർ മണിക്കൂർ ആണ് സ്പീഡ് ലിമിറ്റ് കാറിൽ ക്രൂസ് കൺട്രോൾ ഉള്ളത് കൊണ്ട് സ്പീഡ് സെറ്റ് ചെയ്ത് വച്ചിട്ട് സ്വസ്ഥമായി ഇരിക്കാം.

അബുദാബിയിൽ നിന്നും സൌദി അറേബ്യയിലേക്ക് പോകുന്ന വഴിയാണ് നമുക്ക് പോകേണ്ടത്. ലിവയിലെത്താൻ രണ്ട് റോഡുകളുണ്ട്. ഒന്ന് ഹമീം വഴിയുള്ള ഏകാന്തമായ ഒറ്റവരി റോഡും മറ്റൊന്ന് സൌദിയിലേക്കുള്ള തിരക്കു നിറഞ്ഞ മെയിൻ റോഡും. രണ്ടാമത്തെ വഴി പോയാൽ മദീനത്ത് സെയ്ദ് എന്ന് മറ്റൊരു സുന്ദരമായ സ്ഥലത്ത് കൂടി ലിവയിലെത്താം. എന്തായാലും തിരക്ക് ഒഴിവാക്കാനായി ഞങ്ങൾ ഹമീം വഴിയുള്ള വഴി തിരഞ്ഞെടുത്തു. പാതി വഴിയിൽ ചൈനാ ക്യാംപ് എന്ന ലേബർ ക്യാംപ് കാണാം. അത് കഴിഞ്ഞാൽ പിന്നെ റോഡ് വിജനമാണ്. 200ഓളം കിലോമീറ്റർ ദൂരം ഞങ്ങൾ സഞ്ചരിച്ചതിൽ എതിരെ വന്നതും ഞങ്ങളെ കടന്നു പോയതുമായ വാഹനങ്ങൾ വിരലിലെണ്ണാവുന്നത് മാത്രമാണ്. എന്നാലും ഏറെ മുന്നിൽ കാണാൻ കഴിയുന്ന നീണ്ട സ്ട്രെയിറ്റായ റോഡുകൾ മറ്റൊരു അനുഭവം തന്നെയായിരുന്നു. ഇടക്ക് അത്യപൂർവമായ വാഹനങ്ങളുള്ള വാഹന മ്യൂസിയം കടന്നു പോയി. റോഡിന് സമീപം മൂന്ന് നില കെട്ടിടത്തിന്റെ ഉയരമുള്ള ഒരു ലാൻഡ് റോവർ വാഹനം ഇട്ടിരിക്കുന്നു. രാത്രിയായതിനാൽ ഇതിനടുത്തുള്ള മറ്റ് കാഴ്ച്ചകൾ കാണാൻ കഴിഞ്ഞില്ല. വഴിയിൽ നോക്കെത്താ ദൂരത്തേക്ക് മണൽക്കുന്നുകളും മരുഭൂമിയുമല്ലാതെ മറ്റൊന്നുമില്ല. ഇടക്ക് ഏതെങ്കിലുമൊക്കെ കൺസ്ട്രക്ഷൻ സൈറ്റുകൾ കാണാൻ കഴിയും.

ഇടക്ക് അഡ്നോക്കിന്റെ ഒരു പെട്രോൾ പമ്പ് കണ്ടു. അവിടെയിറങ്ങി ഞങ്ങൾ കോഫിയും ഡയറി മിൽക്കും വാങ്ങി. കുറച്ച് നേരം അവിടെ നിന്നിട്ട് വീണ്ടും യാത്ര തിരിച്ചു.
തുടരും….. ഈ യാത്രാവിവരണത്തിന്റെ ബാക്കി ഭാഗം അടുത്ത ദിവസം…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s