വിസിറ്റ് വിസയിൽ യു.എ.ഇയിലെത്തിയതിന്റെ പ്രാഥമിക ലക്ഷ്യം ഒരു ജോലിയായിരുന്നുവെങ്കിലും വന്നിട്ട് ഒരു മാസമായിട്ടും ജോലി കിട്ടുമെന്നതിന്റെ സാധ്യത പോലും കാണാത്തതിലാണോ എന്തോ രാവിലെയായിട്ടും എനിക്ക് ഉറക്കം വന്നിരുന്നില്ല. വ്യാഴായ്ചയായിരുന്നത് കൊണ്ട് എന്റെ ഇപ്പോഴത്തെ സ്പോൺസറും സഹമുറിയനും നമ്മുടെ പ്രധാന നിരൂപകനുമായ അനസ് നേരത്തെ തന്നെ ജോലി കഴിഞ്ഞെത്തിയിരുന്നു. റൂമിലെത്തി കുറച്ച് കഴിഞ്ഞിട്ടും ഉറക്കം വരാത്തതിനാലാണ് അവൻ സിനിമ കാണാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. അല്ലെങ്കിലും പണ്ടേ  എവിടെയെങ്കിലും പോകാനുള്ല ആലോചനകൾക്ക് ക്ഷണ നേരം കൊണ്ട് തീരുമാനം ആകുമെന്നത് പതിവായത് കൊണ്ട് ഉടനെ തന്നെ റൂമിൽ നിന്നും ഇറങ്ങി. റൂമിന് അടുത്ത് തന്നെയുള്ള അൽ ഖുറൈർ മാളിലെ നോവോസ് സിനിമയാണ് ലക്ഷ്യം. വിൻ ഡീസലും ദീപിക പദുകോണും അഭിനയിച്ച ഹോളീവുഡ് സിനിമയാണ് കാണാൻ പോകുന്നത്. ഇത് കേൾക്കുമ്പോൾ ഇവൻമാർ ഇംഗ്ലീഷ് സിനിമ കാണാൻ എന്താ സായിപ്പിനുണ്ടായതാണോ എന്നൊന്നും ആരും സംശയം ചോദിക്കരുത് പ്ലീസ്….

 എന്തായാലും സിനിമ കണ്ടിറങ്ങിയപ്പോൾ അനസ് അടുത്ത നിർദ്ദേശം മുന്നിൽ വച്ചു ജബൽ ജെയ്സിൽ പോകാം… സൂരോദ്യയം കണ്ട് തിരിച്ചു വരാം… ശരി ആയിക്കോട്ടേ റൂമിൽ ഉണ്ടായിരുന്ന മറ്റൊരു സഹമുറിയനും കോഴിക്കോടിന്റെ വരും കാല എഞ്ജിനീയറുമായ ഹിജാസിനെയും പാതിരാത്രിക്ക് വിളിച്ചിറക്കി.  പിന്നെ വച്ചു പിടിച്ചു റാസൽ ഖൈമയിലുള്ള ജബൽ ജെയ്സെന്ന മലയിലേക്ക്
യു.എ.ഇയുടെയും ഒമാന്റെയും അതിർത്തിയിലായി 1,911 മീറ്റർ(6,268 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജെയ്സ് മല പുതിയൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. യു.എ.എയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്  ജബൽ ജെയ്സെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇതിന്റെ ഏറ്റവും ഉയരത്തിലുള്ള പ്രദേശം ഒമാനിലാണ്. തണുപ്പ് കാലത്തും ചൂട് കാലത്തും സന്ദർശിക്കാൻ പറ്റിയ പ്രദേശമായ ജെയ്സ് മലയിൽ ഒരു തവണ -3 ഡിഗ്രി സെൽഷ്യസ് തണുപ്പ് രേഖപ്പെടുത്തുകയുണ്ടായി. അന്ന് പ്രദേശത്ത് വ്യാപകമായി മഞ്ഞ് പെയ്തതായി പറയുന്നുണ്ട്. ഈ പ്രദേശത്ത് പുതുതായി നിർമ്മിച്ച റോഡിന് പുറമെ ആഡംബര ഹോട്ടലുകളും ഗോൾഫ് ക്ലബ്ബ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
യു.എ.യിൽ വാഹനം ഓടിച്ചുള്ള പരിചയം ഇല്ലാത്തതിനാൽ ഇവിടേക്കുള്ള റൂട്ട് കൃത്യമായി ഓർത്ത് വയ്ക്കാനായില്ല. എന്നാലും കേരളത്തിലെ മലയോര പ്രദേശങ്ങളെ ഓർമ്മിപ്പിക്കും വിധമുള്ള റോഡുകൾ. ഇരു വശവും പ്രകൃതിയുടെ കൊത്തുപ്പണികൾ തീർത്ത അനവധി മലനിരകൾ തലയുയർത്തി നിൽക്കുന്നു. പാറകളിലെ ചിത്രപ്പണികൾ കണ്ടാൽ ഇത്രക്കും കരവിരുത് കാണിക്കുന്ന ശിൽപ്പിയെക്കുറിച്ചുള്ള അത്ഭുതം ഇരട്ടിക്കും. വഴിയിൽ ഇടക്ക് ഗോത്രവര്‍ഗക്കാരായ അറബികളുടെ ചെറു കുടിലുകൾ കാണാം. ചിലയിടങ്ങളിൽ ആടുകളെ വളർത്തുന്ന ഫാമുകളും കാണാം. ഇവയെല്ലാം പിന്നിട്ട് മുകളിലേക്ക് പോകുമ്പോൾ യാത്രികർക്കുള്ള താത്കാലിക വിശ്രമ കേന്ദ്രങ്ങളിൽ കുടുംബമായും അല്ലാതെയും ഭക്ഷണമൊക്കെയുണ്ടാക്കി ക്യാംപ് ചെയ്യുന്ന നിരവധി പേരെ കാണാം. ഇടയ്ക്ക് എവിടെയും നിർത്താതെ ഞങ്ങൾ ജബൽ ജെയ്സിൽ സന്ദർശകർക്ക് കടന്നു ചെല്ലാനാവുന്ന അവസാന ഭാഗത്തെത്തി. ഒമാനുമായുള്ള അതിർത്തിയുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ അവിടെ നിന്നും പിന്നീട് മുകളിലേക്ക് പോകാൻ കഴിയില്ല. സമയം ഏതാണ്ട് പുലർച്ചെ 3 മണിയായിരിക്കുന്നു. രാവിലെ സൂര്യാദയം കാണാൻ ഉറക്കം എഴുന്നേൽക്കണമെന്ന നിർദ്ദേശത്തോടെ ഞങ്ങൾ മൂന്ന് പേരും കാറിലെ കുറഞ്ഞ സ്ഥലത്ത് ചുരുണ്ടു കൂടി.
കുറച്ച് ദിവസം കൊണ്ട് എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നിരുന്ന നിദ്രാദേവി ആ മലമുകളിൽ പെട്ടെന്ന് തന്നെ എന്നിലേക്ക് കടന്നു വന്നു. സൂര്യാദയം കാണാനായി ജബൽ ജെയ്സിലെത്തിയ ഞങ്ങൾ മൂന്ന് പേരും ഉറക്കം എഴുന്നേറ്റത് രാവിലെ 8മണിയോടക്കുമ്പോൾ. പിന്നെയെന്ത് ചെയ്യാൻ പതിയെ മലയിറങ്ങാൻ തീരുമാനിച്ചു മറ്റൊരു ദിവസം സൂര്യോദയം കാണാൻ നേരത്തെ എഴുന്നേൽക്കാമെന്ന പ്രതീക്ഷയോടെ…
#ഒറ്റുകാരൻസഖാവ് aslamkallara
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s